പാലായിൽ ക്രിസ്ത്യൻ ആധിപത്യം; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
Saturday, August 16, 2025 7:33 PM IST
കോട്ടയം: പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാമപുരത്ത് മീനച്ചിൽ-കടുത്തുരുത്തി എസ്എൻഡിപി ശാഖാസംഗമത്തിൽ സംസാരിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഈ പരാമർശം നടത്തിയത്.
എസ്എൻഡിപിയെ കെ.എം. മാണി സഹായിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് കാര്യമായി കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യോഗത്തിന് നൽകുമായിരുന്നു. എന്നാൽ മകൻ ജോസ് കെ. മാണി സൂത്രക്കാരനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എസ്എൻഡിപി യോഗത്തിന്റെ കാര്യങ്ങൾ പറയുമ്പോൾ തന്നെ വർഗീയവാദിയായി ചിലർ ചിത്രീകരിക്കുകയാണ്. താൻ വർഗീയവാദിയല്ല. സമുദായ പ്രശ്നങ്ങൾ പറയുന്നത് എങ്ങനെ വർഗീയതയാകും.
തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ച് നൽകുകയായിരുന്നു. മുസ്ലിം ലീഗിനോട് പറയേണ്ട കാര്യങ്ങൾ അവരോട് പറയേണ്ടേ. അത് തന്റെ ബാധ്യതയാണ്. ലീഗിന് മുസ്ലിം വിഭാഗത്തിൽ നിന്നല്ലാത്ത ഒരു എംഎൽഎയുണ്ടോ എന്നും എന്നിട്ടും നാഴികയ്ക്ക് നാൽപ്പതുവട്ടം അവർ മതേതരത്വം പറയുമെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.