ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ ഇടിച്ചുകയറിയ സംഭവം; പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
Sunday, August 17, 2025 11:25 PM IST
തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ചികിത്സയിലായിരുന്ന വഞ്ചുവം പുത്തൻകരിക്കകം വീട്ടിൽ മുഹമ്മദ് ഷാഫി (ബാദുഷ-42) മരിച്ചു.
കഴിഞ്ഞ 10നായിരുന്നു തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ പാഞ്ഞുകയറി മുഹമ്മദ് ഷാഫിയടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റത്. ഏറെക്കാലം ചുള്ളിമാനൂർ ഭാഗത്ത് ഓട്ടോ ഓടിച്ചിരുന്ന ഷാഫി അടുത്തിടെയാണ് സിറ്റിയിലെ ഓട്ടോസ്റ്റാൻഡിലേക്ക് മാറിയത്.
ഷാഫിയെ കൂടാതെ ഫുട്പാത്തിനോട് ചേർന്നുള്ള ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരായ കണ്ണമ്മൂല സ്വദേശി സുരേന്ദ്രൻ, കാൽനടക്കാരിയായ മുട്ടത്തറ സ്വദേശിനി ശ്രീപ്രിയ, ശാസ്താംകോട്ട സ്വദേശി ആഞ്ജനേയൻ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ചികിത്സയിലാണ്.