വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
Sunday, August 17, 2025 11:47 PM IST
തിരുവനന്തപുരം: ഹെഡ്മാസ്റ്ററുടെ മർദനത്തിൽ പത്താംക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കാസർഗോഡ് കുണ്ടംക്കുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം.അശോകനെതിരെയാണ് കേസെടുത്തത്.
കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. പിടിഎ പ്രസിഡന്റും അധ്യാപകരും ഒത്ത് തീർപ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
എന്നാൽ വിദ്യാർഥിയെ മർദിച്ചിട്ടില്ലെന്നും അസംബ്ലിയിൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നും ഹെഡ്മാസ്റ്റര് പറഞ്ഞു.