ശുഭാംശു ശുക്ലയ്ക്ക് ഇന്ന് പാർലമെന്റിൽ സ്വീകരണം, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
Monday, August 18, 2025 9:18 AM IST
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ഇന്ന് പാർലമന്റിൽ സ്വീകരണം നല്കും. രാവിലെ പാർലമെന്റിൽ എത്തുന്ന അദ്ദേഹത്തെ എംപിമാരുടെ നേതൃത്വത്തിൽ ആദരിക്കും.
തുടർന്ന് ശുഭാംശുവിന്റെ നേട്ടവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ പ്രത്യേക ചർച്ച നടക്കും. ശുഭാംശു നേരിട്ട് അനുഭവങ്ങൾ പങ്കുവയ്ക്കും. 2047ൽ ഇന്ത്യ വികസിത ഭാരതമാകുക എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടാകും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഓഗസ്റ്റ് 23ന് നടക്കുന്ന ദേശിയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശു ശുക്ല മുഖ്യാതിഥിയായി പങ്കെടുക്കും.
യുഎസിൽനിന്ന് ഞായറാഴ്ച പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്്ട്ര വിമാനത്താവളത്തിൽ എത്തിയ ശുഭാംശുവിനെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ തുടങ്ങിയവരും ചേർന്നാണ് സ്വീകരിച്ചത്. ഏകദേശം ഒരു വർഷത്തിനുശേഷം ഇന്ത്യയിലേക്ക് എത്തുന്ന ശുഭാംശുവിനെ സ്വീകരിക്കാൻ ദേശീയപതാകയുമേന്തി നിരവധി ആളുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.
സ്പേസ് എക്സ് ഡ്രാഗണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗസംഘത്തിലെ ഒരാളായിരുന്ന ശുഭാംശു ജൂലൈ 15നാണ് ഭൂമിയിൽ തിരിച്ചെത്തിയത്. രാകേഷ് ശർമക്ക് ശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനെന്ന അതുല്യ നേട്ടവും സ്വന്തമാക്കി.
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി.