കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി കൊന്നു; ബന്ധു പിടിയിൽ
Monday, August 18, 2025 8:48 PM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ പത്തുവയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍.
ബറേലിയിലെ തിതൗലി ഗ്രാമത്തിലാണ് സംഭവം. 10 വയസുകാരനായ ആഹിലിനെ കൊലപ്പെടുത്തിയ കേസില്‍ വസീം (28) എന്ന യുവാവാണ് അറസ്റ്റിലായത്.
ഞായറാഴ്ച പിസ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പത്തുവയസുകാരനെ വസീം വീട്ടില്‍നിന്ന് കൂട്ടികൊണ്ടുപോയത്. സമീപത്തുള്ള വനപ്രദേശത്ത് കുട്ടിയുമായി എത്തിയ വസീം കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുക നല്‍കാത്തതിനെ തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് ആഹിലിന്റെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍, പ്രതി കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിനെത്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നും കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. അതിനുശേഷം പണം ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് പ്രതി വാട്സാപ്പ് കോള്‍ ചെയ്തെന്നുമാണ് കുട്ടിയുടെ വീട്ടുകാരുടെ ആരോപണം.
കൊലപാതകത്തിനുശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. മൊബൈല്‍ ലൊക്കേഷൻ പിന്തുടര്ന്നാണ് പ്രതിയിലേക്കെത്തിയതെന്ന് പോലീസ് അറിയിച്ചു. ചോദ്യംചെയ്യലിനിടെ കുറ്റം സമ്മതിച്ച പ്രതി രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെ പോലീസിനെ ആക്രമിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം പോലീസ് വെടിയുതിര്‍ക്കുകയും പ്രതിയുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിക്ക് എതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.