അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയ്ശങ്കർ
Monday, August 18, 2025 11:04 PM IST
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പര ബഹുമാനവും ക്ഷമയോടെയുള്ള സമീപനവും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. അതിര്‍ത്തിയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു.
എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കെതിരായ പോരാട്ടം മറ്റൊരു പ്രധാന മുന്‍ഗണനയാണെന്നും ഇന്ത്യയും ചൈനയും തമ്മില്‍ സുസ്ഥിരവും സഹകരണപരവും ഭാവിയിലേക്കുള്ളതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ചര്‍ച്ചകള്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയുടെ താല്പര്യങ്ങള് നിറവേറ്റുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യുമെന്നും ജയശങ്കര്‍ പറഞ്ഞു.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായുള്ള കൂടിക്കാഴ്ചയിലാണ് ജയ്ശങ്കര് ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്ന് ചര്‍ച്ചയില്‍ എസ്. ജയശങ്കര്‍ പറഞ്ഞു.
'നമ്മുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി നിലനിര്‍ത്തുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും സംയുക്തമായി നിലനിര്‍ത്തണം. സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതും അത്യാവശ്യമാണ്. എല്ലാതരം ഭീകരതയ്ക്കും എതിരായ പോരാട്ടത്തിനാണ് ഇനി ഇരുരാജ്യങ്ങളും മുന്‍ഗണന നല്‍കേണ്ടത്. ഈ വിഷയത്തില്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതിനായി ഞാന്‍ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തില്‍, ആഗോള സമ്പദ്വ്യവസ്ഥയില് സ്ഥിരത നിലനിര്‍ത്തുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ന്യായവും സന്തുലിതവുമായ ഒരു ലോകക്രമമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്'. എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാംഗ് യിയും തമ്മില്‍ ചൊവ്വാഴ്ച അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ജയ്ശങ്കര് അറിയിച്ചു.
അതിര്‍ത്തി പ്രദേശങ്ങളില്‍ സംയുക്തമായി സമാധാനവും ശാന്തിയും നിലനിര്‍ത്താനുള്ള ഉത്തരവാദിത്തമാണ് ഊഷ്മളമായ ബന്ധത്തിന്റെ അടിസ്ഥാനമെന്നും സംഘര്‍ഷം ലഘൂകരിക്കുന്ന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.