ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളം, ബിൽ കീറിയെറിഞ്ഞ് പ്രതിഷേധം
Wednesday, August 20, 2025 1:59 PM IST
ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താൽ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരണം. രാവിലെ മുതൽ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബിൽ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബിൽ അവതരിപ്പിക്കാനായത്. ബിൽ കൊണ്ടുവന്നത് ചട്ടപ്രകാരമാണെന്നും ജെപിസിക്ക് വിടാമെന്നും അമിത് ഷാ അറിയിച്ചു.
ബിൽ അവതരണത്തിനിടെ നാടകീയ സംഭവങ്ങൾക്കും സഭ സാക്ഷിയായി. പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയതോടെ കൈയാങ്കളിയുമുണ്ടായി. തൃണമൂൽ അംഗങ്ങൾ ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. അമിത് ഷായ്ക്കെതിരേയും കടലാസ് വലിച്ചെറിഞ്ഞു. ബഹളത്തെ തുടർന്ന് സഭ മൂന്നുവരെ നിർത്തിവച്ചു.
രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു.
വോട്ടർപട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം, ബഹളത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു. ബഹളം തുടരുന്ന പ്രതിപക്ഷത്തിന് നേരെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുയര്‍ത്തി.
അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും.
തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിൽ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേ സമയം ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.