രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം: മന്ത്രി വി. ശിവൻകുട്ടി
Friday, August 22, 2025 10:45 AM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നതാണ് മാന്യമായ സമീപനമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
ഷാഫി പറമ്പിലിന്റെ സ്കൂളിൽ പഠിച്ചവരാണ് ഇവരൊക്കെ. വിഷയത്തിൽ പ്രതികരിക്കാതെ ഷാഫി ഒരക്ഷരം മിണ്ടാതെ പോയി. ഷാഫിയുടെ സ്കൂളിൽ പഠിച്ചതുകൊണ്ടാണ് ഷാഫി ഒന്നും മിണ്ടാത്തത്. ഷാഫിയാണ് ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു.
അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. എടാ പിണറായി എന്ന് പ്രസംഗിച്ച ആളാണ്. ഇത്ര ബഹുമാനമില്ലാത്ത പ്രയോഗം ഞങ്ങളാരും ഉപയോഗിച്ചിട്ടില്ല. തരംതാണ നിലയിലുള്ള പ്രസംഗമാണ് നിയമസഭയിൽ നടത്തിയതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പെൺകുട്ടിക്കെതിരെ മോശം ഭാഷയിൽ പ്രതികരിച്ച പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനെതിരെയും വിദ്യാഭ്യാസ മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവർക്കെതിരെ തിരിച്ച് ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തുന്നു. വിരട്ടി ഭീഷണിപ്പെടുത്താൽ നോക്കേണ്ടെന്നും വി.കെ. ശ്രീകണ്ഠന് ശിവൻകുട്ടി മറുപടി നൽകി.