സുരക്ഷാ വീഴ്ച; പാർലമെന്റിന്റെ മതിൽ ചാടി അകത്തു പ്രവേശിച്ച യുവാവ് പിടിയിൽ
Friday, August 22, 2025 7:29 PM IST
ന്യൂഡൽഹി: പാര്‍ലമെന്റിൽ സുരക്ഷാവീഴ്ച. മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം.
യുവാവ് മരത്തിൽ കയറിയശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം.
റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്.
ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ്. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്പദമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന് സംശയമുള്ളതായും ഉദ്യോഗസ്ഥൻ അറിയിച്ചു.