മൂന്നാംക്ലാസ് വിദ്യാർഥിനിക്ക് നേരെ പരസ്യ ലൈംഗീകാതിക്രമം; പ്രതിയെ തേടി പോലീസ്
Sunday, August 24, 2025 11:07 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ അപരിചിതൻ പരസ്യമായി ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹൂഗ്ലിയിലെ ഉത്തർപാറയിലെ ഒരു മധുരപലഹാരക്കടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുട്ടി മുത്തശിക്കൊപ്പമാണ് ഒരു മധുരപലഹാര കടയിലെത്തിയത്. ഇരുവരും കടയുടെ മുന്നിൽ നിൽക്കുമ്പോൾ ഒരു മധ്യവയസ്കൻ ഇവരെ സമീപിക്കുകയും കുട്ടിയോട് സംസാരിക്കുകയും ചെയ്തു.
തുടർന്ന് ഇയാൾ അനുവാദമില്ലാതെ കുട്ടിയുടെ തലയിൽ തലോടുകയും കവിളിൽ സ്പർശിക്കുകയും ചെയ്തു. പിന്നീട് ഇയാൾ കുട്ടിയുടെ കവിളിൽ ചുംബിച്ചു. തൊട്ടുപിന്നാലെ ഇയാൾ കുട്ടിയുടെ ചുണ്ടിലും ചുംബിക്കാൻ ശ്രമിച്ചു.
എന്നാൽ കുട്ടി പിന്നിലേയ്ക്ക് മാറിപോയി. പെൺകുട്ടി മുത്തശിയോട് ചേർന്ന് നിൽക്കുമ്പോൾ ഇയാൾ കുട്ടിയുടെ തോളിൽ കൈവയ്ക്കുകയും വായിലേക്ക് വിരൽ കടത്തുകയും ചെയ്തു.
ഈ സമയമത്രെയും മറ്റ് ആളുകൾ വരുകയും പോവുകയും ചെയ്യുന്നുണ്ടെങ്കിലും ആരും സംഭവം ശ്രദ്ധിച്ചില്ല. മുത്തശിക്കും കാര്യമൊന്നും മനസിലായില്ല.
സംഭവത്തിൽ പ്രതിയെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.