സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; ഭർത്താവിനെ കസ്റ്റഡിയിൽവിട്ടു
Monday, August 25, 2025 1:17 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിപിൻ ഭാട്ടിയെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ വിപിൻ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് പോലീസുകാർ പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി. കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് മറ്റു പോലീസുകാരെ ആക്രമിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് വിപിനെ പോലീസ് വെടിവച്ച് വീഴ്ത്തിയത്.
കേസിൽ വിപിൻ ഭാട്ടിയുടെ അമ്മയും കസ്റ്റഡിയിലാണ്. കൊലപാതകത്തിന് തൊട്ടുമുന്പ് നിക്കിയെ വിപിനും അമ്മയും ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് നിക്കിയെ വിപിൻ സ്ഥിരമായി മർദിക്കുമായിരുന്നെന്നും നിക്കിയുടെ പിതാവും വെളിപ്പെടുത്തി. പോലീസ് നടപടിയെടുക്കാതെ വന്നതോടെ പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയെ പോലീസ് പിടികൂടിയത്.
ഓഗസ്റ്റ് 21നാണ് ഭർത്താവ് വിപിൻ ഭാട്ടിയും ഇയാളുടെ മാതാപിതാക്കളും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതേ കുടുംബത്തിലേക്ക് വിവാഹം ചെയ്ത നിക്കിയുടെ സഹോദരി കഞ്ചന്റെയും നിക്കിയുടെ ആറു വയസുകാരൻ മകന്റെയും കൺമുന്നിൽ വച്ചായിരുന്നു ക്രൂരത. തന്റെ മുന്നിലിട്ടാണ് അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് അമ്മയെ തീകൊളുത്തിയതെന്ന് നിക്കിയുടെ മകൻ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ നിക്കി കൊടിയ പീഡനങ്ങൾ നേരിട്ടിരുന്നതായി നിക്കിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.