വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരണം; യൂട്യൂബറെ കാണാതായി
Monday, August 25, 2025 3:20 AM IST
ഭുബനേശ്വർ: ഡാം തുറന്ന് വിട്ടതിനെ തുടർന്നുള്ള വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബറെ കാണാതായി. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ നടന്ന സംഭവത്തിൽ യൂട്യൂബർ സാഗർ ടുഡു (22) നെയാണ് കാണാതായത്.
തന്റെ യൂട്യൂബ് ചാനലിനായി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോകൾ ചിത്രീകരിക്കുന്നതിനായി കട്ടക്കിൽ നിന്നുള്ള സുഹൃത്ത് അഭിജിത് ബെഹേരയ്ക്കൊപ്പം ഇവിടെയെത്തിയതായിരുന്നു സാഹർ. വെള്ളച്ചാട്ടത്തിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച് റീൽ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
വെള്ളച്ചാട്ടത്തിന്റെ മധ്യത്തിൽ സാഗർ ടുഡു നിൽക്കുന്നതും മറ്റുള്ളവർ കയറുകൾ ഉപയോഗിച്ച് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് സാഗറിനെ കാണാതാവുകയായിരുന്നു.
മച്ചകുണ്ഡ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ലാംതപുട്ട് പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് ഡാം തുറന്ന് വിട്ടത്. ഇതേടെയാണ് വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ഉയർന്നതെന്ന് അധികൃതർ പറഞ്ഞു.