സൈബർ ആക്രമണത്തിൽ നിയമനടപടിക്കില്ല, പ്രസ്ഥാനം കൂടെനില്‍ക്കുമെന്ന് വിശ്വാസമുണ്ട്: ഉമാ തോമസ്
Monday, August 25, 2025 12:53 PM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമാ തോമസ് എംഎൽഎ. പ്രസ്ഥാനം കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ടെന്ന് അവർ പറഞ്ഞു.
രാഹുലിന്റെ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ല. സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും ഉമ തോമസ് കൊച്ചിയിൽ മാധ്യമങ്ങളോടു വ്യക്തമാക്കി.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീര്‍ത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.
അടുത്ത തവണ വീട്ടില്‍ ഇരുത്തണമെന്നും പരിക്കേറ്റപ്പോള്‍ രക്ഷപ്പെടണമെന്ന പ്രാര്‍ഥന തെറ്റായിരുന്നു എന്നുള്‍പ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎല്‍എ ആയതിന്റെ കുഴപ്പമെന്നും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളുണ്ട്. ഉമാ തോമസ് എംഎല്‍എയെ അനുകൂലിച്ചുള്ള നിലപാടുകളും പാര്‍ട്ടിയിലെ വാക്പോര് മുതലെടുത്തുകൊണ്ടുള്ള പ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ഒരു നിമിഷം പോലും വൈകരുതെന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. യുവതികളുടെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഒരു നിമിഷം മുമ്പ് തന്നെ രാജിവയ്ക്കണമെന്നും മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.