പാറക്കുളത്തിൽ കുളിക്കാൻ ചാടിയയാൾ മുങ്ങി മരിച്ചു
Monday, August 25, 2025 9:30 PM IST
പത്തനാപുരം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തി പാറക്കുളത്തിൽ ചാടിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് പടവള്ളിക്കോണം പുന്നറമൂലയിൽ അനി(51) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മദ്യപിച്ച നിലയിൽ രക്ഷിക്കാൻ എത്തിയ ഒപ്പമുള്ളയാളെ നാട്ടുകാർ തടഞ്ഞുവെച്ചു.
പറങ്കിമാംമുകളിൽ കെട്ടിടത്തിന്റെ തേപ്പുജോലിക്ക് എത്തിയ അനി അടക്കമുള്ള അഞ്ചുപേരാണ് കുളത്തിന് സമീപം എത്തിയത്. സംഭവത്തിന് തൊട്ടുമുമ്പ് സംഘം മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
തുടർന്ന് പാറക്കുളത്തിൽ ചാടുകയായിരുന്നു. പാറക്കുളത്തിന് നല്ല ആഴമുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതനുസരിച്ച് അഗ്നി രക്ഷാസേനയും കൊല്ലത്തു നിന്നുള്ള സ്കൂബ ടീമും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കവിതയാണ് അനിയുടെ ഭാര്യ. അനു, അനൂപ് എന്നിവർ മക്കളാണ്.