വർണക്കാഴ്ചയൊരുക്കി അത്തച്ചമയം ഇന്ന്; തൃപ്പൂണിത്തുറയിൽ ഗതാഗതനിയന്ത്രണം
Tuesday, August 26, 2025 9:26 AM IST
കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര ഇന്ന്. അത്താഘോഷത്തിന് നാന്ദികുറിക്കുന്ന അത്തപ്പതാകയുടെയും കൊടിമരത്തിന്റെയും ഘോഷയാത്ര തിങ്കളാഴ്ച വൈകുന്നേരം ഹില്‍പാലസില്‍ നിന്നാരംഭിച്ചിരുന്നു. രാജകുടുംബ പ്രതിനിധിയില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി.
തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അത്തപ്പതാക അത്തം നഗറിലെത്തി. ഇന്നു രാവിലെ ഒന്‍പതിന് അത്താഘോഷം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ. ബാബു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന് ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് ഗതകാല സ്മരണകളുയര്‍ത്തി വര്‍ണോജ്വലമായ ഘോഷയാത്ര ആരംഭിക്കും. പൊയ്പ്പോയ കാലത്തിന്റെ സ്മരണകളുയര്‍ത്തി പൗരാണിക കലാരൂപങ്ങളും, ആധുനിക കലാപ്രകടനങ്ങളും നിശ്ചല ദൃശ്യങ്ങളുമായി വേറിട്ട രീതിയിലാണ് ഇത്തവണത്തെ ഘോഷയാത്ര.
രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം
തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നടക്കുന്ന തൃപ്പൂണിത്തുറയിൽ ഇന്നു രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപ്പാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കര വഴി പോകണം.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിലെത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകണം.
വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംഗ്ഷനിലെത്തി സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി പോകണം. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിലെത്തി എസ്എൻ ജംഗ്ഷൻ–പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴിയാണ് പോകേണ്ടത്.
ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്ത്നിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്കും പ്രവേശനമുണ്ടാകില്ല.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിലും കണ്ണൻകുളങ്ങര മുതൽ മിനി ബൈപ്പാസ്–പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. പുതിയകാവ് ഭാഗങ്ങളിൽ നിന്നു വരുന്ന സർവീസ് ബസുകൾ സ്റ്റാൻഡിൽ കയറാതെ ഹോസ്പിറ്റൽ ജംഗ്ഷൻ – മിനി ബൈപ്പാസ് വഴി പോകണം.