അധികം കളിക്കരുത്, കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് വി.ഡി. സതീശന്
Tuesday, August 26, 2025 12:44 PM IST
കോഴിക്കോട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ'- സതീശൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ'- എന്നാണ് സതീശന് പറഞ്ഞത്.
സിപിഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഎം നേതാക്കന്മാര്ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവച്ചു.
രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. ബലാത്സംഗ കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും സതീശന് പറഞ്ഞു.
ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്നും സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.