‘ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ; ഞങ്ങൾക്ക് ഭയമില്ല’: എം.വി. ഗോവിന്ദൻ
Tuesday, August 26, 2025 2:57 PM IST
ഇടുക്കി: കേരളത്തെ ഞെട്ടിക്കുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്നും സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
"സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണ്. കഥകൾ വരട്ടെ, വരുന്നതിൽ ഞങ്ങൾക്ക് എന്താണ് ഭയമുള്ളത്. പറയുന്നതല്ലാതെ വരുന്നില്ലല്ലോ. പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ. അതിനെയൊക്കെ അഭിമുഖീകരിക്കാൻ യാതൊരു പ്രയാസവുമില്ല. ഞങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നത്'- എം.വി. ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവയ്പ്പിക്കും എന്നായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും 24 മണിക്കൂർ മുമ്പ് ശക്തമായി പറഞ്ഞിരുന്നത്. എന്നാൽ താൻ രാജിവയ്ക്കുകയാണെങ്കിൽ മറ്റു പല ആളുകളുടേയും മുഴുവൻ കഥകളും പുറത്തു പറയേണ്ടി വരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് രാജി വേണ്ട എന്ന് തീരുമാനിച്ചത്. കേസ് വന്നിട്ടാണ് രാജിവയ്ക്കേണ്ടതെങ്കിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു.
മുകേഷ് എംഎൽഎയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. മുകേഷ് രാജി വയ്ക്കേണ്ടതില്ല. അത് കേസിന്റെ വിധി വരുമ്പോൾ പറയാം. എന്നാൽ രാഹുലിന്റെ കാര്യം അങ്ങനെ അല്ല. ഓരോ സ്ത്രീകളും വന്ന് പറയുകയാണ്. അത് ആരോപണങ്ങളല്ല, തെളിവാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.