യുവാവിനെ ഭീഷണിപ്പെടുത്തി സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്; രണ്ട് പേർ അറസ്റ്റിൽ
Tuesday, August 26, 2025 10:21 PM IST
തൃശൂര്‍: കൊടുങ്ങല്ലൂരിൽ യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ട് പേർ അറസ്റ്റിൽ. സഹോദരങ്ങളായ മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍ വീട്ടില്‍ അജയ് (19), രോഹിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍ റൂറല്‍ പോലീസ് മാളയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ഉഴുവത്തുംകടവ് സ്വദേശി പൈനാടത്ത്കാട്ടില്‍ വീട്ടില്‍ അനന്തു എന്നയാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ ഏലസും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അരുണ്‍ ബി. കെ, സബ് ഇന്‍സ്പെക്ടര്‍മാരായ സാലിം, ജിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.