തൊട്ടതെല്ലാം പൊന്നാക്കിയ സാരഥി! ; ജയിംസ് കെ. ജോസഫിന്റെ സംസ്കാരം ഇന്ന്
Wednesday, August 27, 2025 1:27 AM IST
സാബു ജോണ്
തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കിയ സാരഥി. ദീപികയെ സംബന്ധിച്ച് തിങ്കളാഴ്ച അന്തരിച്ച മുൻ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ജയിംസ് കെ. ജോസഫിനെ അങ്ങനെ അടയാളപ്പെടുത്താം.
നവീനമായ ഒട്ടേറെ ആശയങ്ങൾക്ക് ഉടമയായിരുന്നു അദ്ദേഹം. ദീപികയുടെ സാരഥിയായി പ്രവർത്തിച്ച ചെറിയ കാലയളവിലാണ് ഇരുപത്തിയെട്ടു വർഷം മുന്പു ദീപിക ഇന്റർനെറ്റ് എഡിഷൻ ആരംഭിക്കുന്നത്. മലയാളത്തിൽ ആദ്യമായി നെറ്റിലെത്തിയ ദിനപത്രമായിരുന്നു ദീപിക. ഇന്ന് അച്ചടിമാധ്യമങ്ങളേക്കാൾ ഡിജിറ്റൽ മാധ്യമങ്ങൾ മുൻനിരയിലേക്കെത്തുന്പോൾ മലയാളത്തിൽ ദീപികയ്ക്ക് അതിനു തുടക്കം കുറിക്കാനായത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ്.
കുട്ടികള്ക്കുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ചിൽഡ്രൻസ് ഡൈജസ്റ്റ് ആരംഭിക്കുന്നതും ജയിംസ് കെ. ജോസഫ് ആണ്. ഇന്നു രാജ്യത്തെന്പാടും പ്രചാരമുള്ള ഇന്ത്യയിലെ തന്നെ മുൻനിര ഇംഗ്ലീഷ് പ്രസിദ്ധീകരണമായി ചിൽഡ്രൻസ് ഡൈജസ്റ്റ് വളർന്നു പന്തലിച്ചു കഴിഞ്ഞു. മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക സ്വന്തം എഡിഷനുമായി തലസ്ഥാന നഗരത്തിലേക്ക് എത്തുന്നതും അദ്ദേഹത്തിന്റെ കാലത്താണ്.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിൽനിന്ന് സിവിൽ എൻജിനിയറിംഗിൽ ഒന്നാം റാങ്കോടെ പാസായ ജയിംസ് കെ. ജോസഫ് പിഡബ്ല്യുഡിയിൽ എൻജിനിയറായാണ് സർവീസ് ആരംഭിക്കുന്നത്. പിന്നീട് സിവിൽ സർവീസ് പരീക്ഷ പാസായി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ ചേർന്നു.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ചു. ഇതിൽ കേരളത്തിലെ പ്രവർത്തന കാലയളവാണ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയത്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പാമോയിൽ ക്രമക്കേട് പുറത്തുകൊണ്ടുവന്നത് ജയിംസ് കെ. ജോസഫ് ആയിരുന്നു.
കേരള രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്ന ബേബി ജോണിന്റെ മരുമകൻ എന്ന നിലയിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും ഏറെ അടുപ്പങ്ങളുണ്ടായിരുന്നു. ബേബി ജോണിന്റെ മരുമകൻ ആയതിനാൽതന്നെ അദ്ദേഹത്തിന്റെ നീക്കങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യം ആരോപിക്കപ്പെടുകയും ചെയ്തു. എന്നാൽ വിവാദങ്ങളിലൊന്നും പതറാതെ അദ്ദേഹം മുന്നോട്ടുപോയി. മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്റെ രാജിയിലേക്കു നയിച്ചത് ജയിംസ് കെ. ജോസഫിന്റെ എജി റിപ്പാർട്ട് ആയിരുന്നു എന്നതു ചരിത്രം.
കേരളത്തിൽ ഇദ്ദേഹം എജി ആയിരുന്ന കാലയളവിൽ കവി ചെമ്മനം ചാക്കോ ഒരിക്കൽ ഏതോ കാര്യത്തിനായി എജീസ് ഓഫീസിലെത്തി. എന്നാൽ ആളില്ലാക്കസേരകളാണ് അദ്ദേഹത്തിനു കാണാനായത്. മടങ്ങിപ്പോയ ചെമ്മനം ചാക്കോ ആളില്ലാക്കസേരകൾ എന്ന പേരിൽ ഒരു കവിത എഴുതി പ്രസിദ്ധീകരിച്ചു.
ജയിംസ് കെ. ജോസഫ് ഈ കവിത ഏജീസ് ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. കൂടാതെ, എല്ലാ ജീവനക്കാർക്കും നേരിട്ട് കത്തയയ്ക്കുകയും ചെയ്തു. അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നു അത്. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ആയിരുന്ന കാലയളവിൽ കെഎസ്ആർടിസി ബസുകൾ കൂട്ടത്തോടെ നിരത്തിലിറക്കി പ്രതിഷേധ ജാഥ നയിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
സാഹസബുദ്ധിയും മുഖത്തു നോക്കി കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനുമായ അദ്ദേഹത്തിന് സിവിൽ സർവീസിന്റെ ചട്ടവട്ടങ്ങൾക്കുള്ളിൽ നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് പേഴ്സണലിൽ ജോയിന്റ് സെക്രട്ടറി ആയിരിക്കുന്പോൾ സർവീസിൽനിന്ന് അദ്ദേഹം സ്വയം വിരമിച്ചു. പിന്നീട് സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവി എന്ന നിലയിലും ശ്രദ്ധേയനായി.
രണ്ടുവർഷത്തോളം കെഎസ്ആർടിസിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് കെഎസ്ഐഡിസിയുടെ മാനേജിംഗ് ഡയറക്ടർ ആയി പ്രവർത്തിച്ചെങ്കിലും അന്നു വ്യവസായമന്ത്രിയായിരുന്ന സുശീല ഗോപാലനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചു.
എഴുപത്തിയാറാം വയസിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്. ഇന്നു രാവിലെ ഒന്പതിനു പിടിപി നഗറിലെ വസതിയിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം നാലിനു മുട്ടട ഹോളി ക്രോസ് പള്ളിയിൽ സംസ്കരിക്കും.