പശുക്കടത്ത് ആരോപിച്ച് ഒഡീഷയില്‍ ക്രൈസ്തവര്‍ക്കുനേരേ ക്രൂരമര്‍ദനം
Wednesday, August 27, 2025 1:28 AM IST
സുന്ദർഗഡ്(ഒഡീഷ): ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ സ്വന്തം കന്നുകാലികളെ വില്ക്കാന് ശ്രമിക്കുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ടു ക്രൈസ്തവർക്കുനേരേ ഗോരക്ഷകരുടെ ക്രൂര മർദനം.
തെലനാദിഹി ഗ്രാമത്തിൽനിന്നുള്ള ജോഹാൻ സോറൻ (66), സഹോദരൻ ഫിലിപ്പ് സോറൻ (55) എന്നിവരെയാണു മാലിപാദ റോഡിനു സമീപം പതിനാറോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.
ജോഹാന്റെ ഭാര്യയുടെ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായാണു സഹോദരന്മാർ തങ്ങളുടെ കാളകളെയും കന്നുകുട്ടികളെയും കൊഡോമൽ ഗ്രാമത്തിലെ ഒരു കന്നുകാലി വ്യാപാരിക്ക് 40,000 രൂപയ്ക്കു വിറ്റത്.
കഴിഞ്ഞദിവസം വ്യാപാരിയുടെ അടുത്തേക്ക് കാൽനടയായി മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ രണ്ടു യുവാക്കൾ അവരെ തെലെനാദിഹി ബരാഗച്ച് സ്ക്വയറിനു സമീപം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
വളര്‍ത്തുമൃഗങ്ങളെ വിറ്റതാണെന്നു സഹോദരന്മാർ വിശദീകരിച്ചതോടെ യുവാക്കൾ പിന്തിരിഞ്ഞുപോയി.എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോൾ മാലിപാദ റോഡിനു സമീപം ഇതേ യുവാക്കൾ 16 പേരടങ്ങുന്ന സംഘവുമായി തിരിച്ചെത്തി പശുക്കടത്ത് ആരോപിച്ച് സഹോദരന്മാർക്കെതിരേ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരിന്നു. ഭീഷണിക്കുപിന്നാലെ വടികൊണ്ട് ക്രൂരമായി അടിക്കുകയും രക്തംവാർന്ന് ബോധരഹിതരാകുന്നതുവരെ ചവിട്ടുകയും ചെയ്തതായി ഇരുവരും പറയുന്നു.
സമീപകാലത്ത് ക്രൈസ്തവര്‍ക്കുനേരേ വലിയ ആക്രമണങ്ങളാണ് ഒഡീഷയിലും മറ്റുചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ജീവിക്കാൻ സ്വന്തം ജീവനോപാധികളെ വരെ ഉപയോഗിക്കാന്‍ കഴിയാത്തവിധത്തില്‍ ക്രൈസ്തവരെ ഒറ്റപ്പെടുത്തുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം.