സമ്മേളനത്തിനിടെ ആരാധകനെ തള്ളിയിട്ടു; നടന് വിജയ്ക്കെും ബൗൺസർമാർക്കുമെതിരെ പോലീസ് കേസ്
Wednesday, August 27, 2025 9:19 AM IST
ചെന്നൈ: നടന് വിജയ്ക്കെതിരെ പോലീസ് കേസ്. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്.
വിജയ്ക്ക് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാമ്പിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു.
താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സര്‍മാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാര്‍ റാമ്പിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇയാളെ വിജയ്യുടെ ബൗണ്സര്മാര് റാമ്പില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ഡിഎംകെയുടെ സൈബര്‍ വിഭാഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്ക്കൊപ്പമെത്തി ശരത് കുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ബൗണ്‍സര്‍മാരുടെ നടപടിയില്‍ തനിക്ക് പരിക്കേറ്റുവെന്നും ശരീരത്തിന് വലിയ വേദനയുണ്ടായെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
ബൗണ്‍സര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വിജയ്ക്കും പത്ത് ബൗണ്‍സര്‍മാര്‍ക്കുമെതിരെ ബിഎന്‍എസിലെ മൂന്ന് വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
അതേസമയം, ടിവികെയുടെ ഭാഗത്തുനിന്ന് വിഷയത്തില്‍ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.