തിരു. ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോക്ടറുടെ ശബ്ദരേഖ പുറത്ത്
Thursday, August 28, 2025 11:15 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്ത്.
സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.
പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ പറയുന്നു. എക്സ്റേയിൽ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നത്.
വയറ് കുടുങ്ങിയത് അറിഞ്ഞിട്ടും ഡോ. രാജീവ് കുമാർ മറച്ചുവച്ചന്നും സുമയ്യയുടെ ബന്ധു ആരോപിക്കുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി ഡോക്ടർ തന്നെ പണം നൽകിയെന്നും ബന്ധു വെളിപ്പെടുത്തി.
2023 മാർച്ച് 22നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ. രാജിവ് കുമാറാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് പ്രശ്നമായത് എന്നാണ് പരാതി.