തീരുവ വർധന; ഇന്ത്യ - യുഎസ് ബന്ധം ഉലയുന്നു, അസ്വസ്ഥരായി അമേരിക്ക
Friday, August 29, 2025 12:28 AM IST
ന്യൂയോർക്ക്: തീരുവ വർധനയിൽ ഇന്ത്യ കുലുങ്ങാതെവന്നതോടെ വിചിത്ര ആരോപണമുന്നയിച്ച് അമേരിക്ക. യുക്രെയ്ൻ യുദ്ധം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുദ്ധമെന്ന ആരോപണാണ് അമേരിക്ക ഉയർത്തിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ ആണ് മോദിയാണ് യുദ്ധം നടത്തുന്നതെന്ന വിചിത്ര ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ നിലവിൽ വന്നശേഷം ഇന്ത്യ - യുഎസ് ബന്ധം കൂടുതൽ ഉലയുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് നടത്തിയിരിക്കുന്നത്.
റഷ്യ യുദ്ധം ചെയ്യുന്നത് പ്രധാനമായും ഇന്ത്യയിൽനിന്ന് കിട്ടുന്ന പണം കൊണ്ടാണ്. അതിനാൽ യുക്രെയ്നിലെ നാശനഷ്ടത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇത് മോദിയുടെ യുദ്ധമാണെന്നും ഒരു അഭിമുഖത്തിൽ പീറ്റർ നവാറോ പറഞ്ഞു.
അതേസമയം അമേരിക്ക തീരുവ ഉയർത്തിയ സാഹചര്യം നേരിടാൻ കൂടുതൽ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉയർത്താനുള്ള വഴികൾ തേടുകയാണ് ഇന്ത്യ. ഇക്കാര്യം ജപ്പാൻ, ചൈന സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി ചർച്ച ചെയ്യും. ഞായറാഴ്ച ചൈനീസ് പ്രസിഡന്റ് ഷിജിൻ പിംഗുമായി നടത്തുന്ന ചർച്ചയിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തമാക്കുന്നതും ചർച്ചയാകും.