കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയെ നിയമിച്ചു
Friday, August 29, 2025 1:34 AM IST
ന്യൂഡൽഹി: ഇന്ത്യ കാനഡയിലെ പുതിയ സ്ഥാനപതിയെ നിയമിച്ചു. 1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ദിനേഷ് കെ. പട്നായികിനെയാണ് ഇന്ത്യയുടെ ഹൈക്കമ്മീഷണറായി നിയമിച്ചത്. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഉടൻ ചുമതലയേൽക്കും.
ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് പുതിയ സ്ഥാനപതിയെ നിയമിച്ചത്. കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് 2024 ഒക്ടോബറിൽ കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ ഇന്ത്യ പിൻവലിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ പുതിയ തീരുമാനം ഇന്ത്യ-കാനഡ ബന്ധം പൂർവസ്ഥിതിയിലാകുന്നതിന്റെ സൂചനയാണ് നൽകുന്നത്,