പഹൽഗാം ഭീകരാക്രമണം; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ
Friday, August 29, 2025 3:21 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഭീകരർ ആക്രമണത്തിന് പഹൽഗാം മേഖല തെരഞ്ഞെടുക്കാനുള്ള കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എൻഐഎ പുറത്തുവിട്ടിരിക്കുന്നത്.
വിനോദസഞ്ചാരികളുടെ വൻ തിരക്കുള്ളതും എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖലയായതിനാലാണ് പഹൽഗാമിനെ ആക്രമണത്തിനായി ഭീകരർ തെരഞ്ഞെടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. മൂന്ന് ഭീകരരാണ് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ വെടിവച്ചതെന്നും എൻഐഎ വിവരിച്ചിട്ടുണ്ട്.
സംഭവം മേഖലയിലെ സുരക്ഷാ വീഴ്ചകൾ വെളിവാക്കുന്നതായും എൻഐഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2025 ഏപ്രിൽ 22നായിരുന്നു രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നത്. 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്.