ശസ്ത്രക്രിയയ്ക്കുശേഷം രോഗിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയെന്ന പരാതി: ഡോക്ടർക്കെതിരെ കേസെടുത്തു
Friday, August 29, 2025 3:32 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയെന്ന പരാതിയിൽ ഡോക്ടർക്കെതിരേ കേസെടുത്തു. ഡോ. രാജീവ് കുമാറിനെതിരേയാണ് ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. നിലവിൽ ഒരു പ്രതി മാത്രമാണ് കേസിലുള്ളത്.
കാട്ടക്കാട മലയിൻകീഴ് സ്വദേശി സുമയ്യയാണ് ചികിത്സാ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. 2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടിരുന്നു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത്.