ബജറ്റ് പാസാക്കാത്തതിനാൽ പണമില്ല; കെടിയു വിസി സുപ്രീംകോടതിയിൽ
Friday, August 29, 2025 5:06 PM IST
ന്യൂഡൽഹി: സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ ബജറ്റ് പാസാക്കാനാകുന്നില്ലെന്നും അതിനാൽ സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനം താളം തെറ്റുകയാണെന്നും താത്കാലിക വൈസ് ചാൻസലർ കെ.ശിവപ്രസാദ് സുപ്രീം കോടതിയെ അറിയിച്ചു. പണം അടയ്ക്കാത്തതിനാൽ ഇന്റർനെറ്റ് കണക്ഷൻ ഉടൻ വിച്ഛേദിക്കും.
സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് സർക്കാർ പ്രതിനിധികളെ അയക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാൻസലർ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ യോഗം ചേരുന്നതിനുള്ള ക്വാറം തികയുന്നില്ല. സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ ബജറ്റ് പാസാകുന്നില്ല.
അതിനാൽ സർവകലാശാലയുടെ പക്കൽ പണമില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയാണെന്നും ശിവപ്രസാദിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന അടിയൊഴുക്കുകളും മേലൊഴുക്കുകളും തങ്ങൾക്ക് അറിയാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സാങ്കേതിക സർവകലാശാലയിൽ ഭരണസ്തംഭനം ഉണ്ടാകരുതെന്ന് തൊഴുകൈയോടെ വീണ്ടും അഭ്യർഥിക്കുന്നുവെന്ന് ഹർജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ജെ.ബി.പർഡിവാല പറഞ്ഞു. താത്കാലിക വൈസ് ചാൻസലറും, സർക്കാരും തമ്മിലുള്ള തർക്കം കാരണം ജീവനക്കാർ ബുദ്ധിമുട്ടരുത്.
സർക്കാരിനും, താത്കാലിക വൈസ് ചാൻസലർക്കും പ്രശ്നം പരിഹരിക്കുന്നതിന് തലയിൽ നല്ലൊരു വൈഫൈ കണക്ഷനാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.