രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു
Friday, August 29, 2025 6:20 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.
ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്. അന്വേഷണത്തിന് സൈബർ സംഘത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഹുലിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച ആറ് പരാതികളിലാണ് ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാഹുല്‍മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.