താമരശേരിയിലെ മത്സ്യമാർക്കറ്റിൽ ക്വട്ടേഷന്‍ സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
Monday, September 1, 2025 5:35 AM IST
കോഴിക്കോട്: താമരശേരി ചുങ്കത്തെ മത്സ്യമാര്‍ക്കറ്റില്‍ ക്വട്ടേഷന്‍ സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് സ്ഥലമുടമ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണ് തമ്മില്‍ തല്ലിയത്. രാത്രി വൈകി മാർക്കറ്റിന്റെ ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
സംഭവത്തിൽ മൈക്കാവ് സ്വദേശി ആല്‍ബി ബേബി, കണ്ണൂർ സ്വദേശി ദിജില്‍ ഡേവിഡ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രതികള്‍ പോലീസിനോട് തട്ടിക്കയറി. പിന്നീട് സ്റ്റേഷനില്‍ വച്ചും ഇവര്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് ഇരുവരേയും പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ചുങ്കത്തെ സ്വകാര്യ മത്സ്യ മാര്‍ക്കറ്റ് നടത്തിപ്പുകാരനും സ്ഥലമുടമയും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ മാർക്കറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ ഉടമ ക്വട്ടേഷന്‍ നല്കി. രാവിലെ സ്ഥലത്ത് തമ്പടിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലേക്കുള്ള വഴി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ചാലു കീറി ഗതാഗതം തടസപ്പെടുത്തി. രാത്രിയായപ്പോഴാണ് ക്വട്ടേഷന്‍ സംഘം പരസ്പരം ഏറ്റുമുട്ടിയത്.