സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്ന്; മീറ്റിംഗിനു നോട്ടീസ് നല്‍കിയത് ഡോ. മിനി കാപ്പൻ
Tuesday, September 2, 2025 3:06 AM IST
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്നു ചേരും. സര്‍വകലാശാലയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താന്‍ വിസി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് സിന്‍ഡിക്കറ്റ് ചേരുന്നത്.
മുന്നോടിയായി ഇന്നലെ വിസി വിളിച്ചു ചേര്‍ത്ത സ്റ്റാറ്റ്യൂട്ടറി ഫൈനാന്‍സ് കമ്മിറ്റി യോഗം ബജറ്റ് അംഗീകരിക്കാന്‍ ശിപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ഫൈനാന്‍സ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നു സിന്‍ഡിക്കറ്റ് ബജറ്റ് പാസാക്കിയാല്‍ വിസി നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച് ബജറ്റ് പാസാക്കുമെന്നാണ് വിവരം.
രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ചേരും. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിംഗ് ഡയറക്ടര്‍ ഡോ. മിനി കാപ്പനാണ് മീറ്റിംഗിനു നോട്ടീസ് നല്‍കിയത്.
രജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്‍ഷനെ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും ഇതില്‍ വിധിയുണ്ടായിട്ടില്ല. സിന്‍ഡിക്കറ്റിലെ ഒരു വിഭാഗം അംഗങ്ങള്‍ യോഗം ചേര്‍ന്ന് അനില്‍കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കിയതിനെതുടര്‍ന്ന് അദ്ദേഹം ദിവസവും യൂണിവേഴ്സിറ്റിയില്‍ ഹാജരാകുന്നുണ്ട്.