തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തിയ മകന് അറസ്റ്റിൽ
Tuesday, September 2, 2025 11:52 AM IST
തിരുവനന്തപുരം: നെയ്യാര്‍ഡാം കുറ്റിച്ചലില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ ചവിട്ടിക്കൊന്നു. നെയ്യാര്‍ഡാം മണ്ണൂര്‍ക്കര കുറ്റിച്ചല്‍ നിഷ നിവാസില്‍ രവി (65) ആണ് കൊല്ലപ്പെട്ടത്. മകന് നിഷാദിനെ നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് മകളെ മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കുന്നത് രവി തടഞ്ഞതാണ് പ്രകോപനമായത്. ഇദ്ദേഹത്തെ നിഷാദ് മര്‍ദ്ദിച്ച ശേഷം നെഞ്ചില്‍ ചവിട്ടി വീഴ്ത്തിയെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാം പോലീസ് സ്ഥലത്തെത്തി നിഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആയൂര്‍വേദാശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്. രവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.