"എല്ലാ അമ്മമാരെയും കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിച്ചു, എന്റെ അമ്മ എന്തു തെറ്റാണ് ചെയ്തത്?'
Tuesday, September 2, 2025 3:10 PM IST
ന്യൂഡൽഹി: വോട്ടര്‍ അധികാര്‍ യാത്രക്കിടെ തന്റെ അമ്മയ്ക്കെതിരേ ഉയർന്ന മുദ്രാവാക്യത്തിൽ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും എല്ലാ അമ്മമാരെയും കോൺഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നും മോദി പ്രതികരിച്ചു.
ബിഹാറിലെ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തന്റെ അമ്മ എന്തു തെറ്റാണ് ചെയ്തതെന്നും അവർ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു. ഇത് ബിഹാറിലെ അമ്മമാരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാരുടെ അഹങ്കാരവും വെറുപ്പും ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയെ അപമാനിച്ചതിൽ മോദി നിങ്ങൾക്ക് മാപ്പ് നല്‍കും. എന്നാൽ ബിഹാറിലെ ജനങ്ങൾ മാപ്പ് നല്‍കില്ല. ആർജെഡിയും കോൺഗ്രസും ഇതിന് ജനങ്ങളോട് മാപ്പ് പറയണം. ബിഹാറിലുടനീളം അമ്മമാർക്കെതിരായ അപമാനം സഹിക്കില്ലെന്ന ശബ്ദം ഉയരണമെന്നും മോദി പറഞ്ഞു.