ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവർ ജയിലില്‍ തുടരും, ജാമ്യാപേക്ഷ തള്ളി
Tuesday, September 2, 2025 3:36 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ള പത്തുപേരുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, ഖാലിദ് സൈഫി, അത്താര്‍ ഖാന്, മുഹമ്മദ് സലീം ഖാന്, ഷിഫാവുര്‍ റഹ്മാന്, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസുമാരായ നവീന്‍ ചാവ്ല, ശാലീന്ദര്‍ കൗർ എന്നവരുടെ ബെഞ്ച് തള്ളിയത്. അഞ്ചു വര്‍ഷത്തോളമായി വിചാരണയില്ലാതെ ജയിലില്‍ തുടരുകയാണ് ഇവർ.
കേസില്‍ ഇവർ കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും വിചാരണ ഇഴഞ്ഞു നീങ്ങുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസില്‍ ആരോപണ വിധേയരായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ നിലനില്ക്കുമ്പോള് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2020 ൽ കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദിനെയും സംഘത്തെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉമറിനെ അറസ്റ്റു ചെയ്തത്.