പിണക്കം മാറ്റാൻ മന്ത്രിമാര്‍ രാജ്ഭവനിൽ; ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചു
Tuesday, September 2, 2025 6:21 PM IST
തിരുവനന്തപുരം: സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്.
സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിച്ചതിനൊപ്പം ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചു. സര്‍വകലാശാലകളിലെ വിസി നിയമന തര്‍ക്കം, കാവിക്കൊടിയേന്തിയ ഭാരതാംബ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരിപാടിയിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഓണം ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഗവര്‍ണറെ മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണിച്ചത്.
ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും. സര്‍ക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണറെ ഓണാഘോഷത്തിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.