അയ്യപ്പ സംഗമം; ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിക്കാതെ പ്രതിപക്ഷ നേതാവ്
Tuesday, September 2, 2025 6:37 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ചടങ്ങിലേക്ക് ക്ഷണിക്കാന്‍ എത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ കാണാന്‍ പ്രതിപക്ഷനേതാവ് തയാറായില്ല.
കന്റോണ്‍മെന്റ് ഹൗസില്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും സംഘത്തിനും കാണാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ക്ഷണക്കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് പ്രശാന്തും സംഘവും മടങ്ങി. അയ്യപ്പ സംഗമത്തിന്റെ സംഘാടകസമിതിയില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും കൂടാതെ പ്രതിപക്ഷ നേതാവും രക്ഷാധികാരിയാണെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു.
എന്നാല്‍ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയതില്‍ വി.ഡി. സതീശന് കടുത്ത അതൃപ്തിയുണ്ട്. അയ്യപ്പ സംഗമത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ചൊവ്വാഴ്ച വൈകുന്നേരം യുഡിഎഫ് യോഗം ഓണ്‍ലൈനില്‍ ചേരുന്നുണ്ട്.
ഈ യോഗത്തില്‍ അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും. അതിനുശേഷം യുഡിഎഫ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും.