ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ചികിത്സ; വ്യാജ ഡോക്ടർ അറസ്റ്റിൽ
Wednesday, September 3, 2025 5:34 AM IST
സിൽച്ചാർ: ആസാമിലെ സിൽച്ചാർ മെഡിക്കൽ കോളജിൽ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ഗർഭിണികളെ ചികിത്സിച്ച ഇരുപത്തിമൂന്നുകാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ. കട്ടിഗോറ സ്വദേശിയായ മിർ ഹുസൈൻ അഹമ്മദ് ബർഭൂയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ ഇയാൾ ഗൈനക്കോളജിസ്റ്റായി ചമഞ്ഞ് ഒപി വിഭാഗത്തിലുള്ള രോഗികളെ ചികിത്സിച്ചു വരികയായിരുന്നെന്ന് പോലീസ് അറിയിച്ചു. ദിവസേന ഉച്ചയ്ക്ക് രണ്ടിന് ഇയാൾ ആശുപത്രിയിൽ എത്തുകയും വെള്ള കോട്ട് ധരിച്ച് വാർഡിൽ പ്രവേശിക്കുകയും ചെയ്യുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെന്ന് സിൽച്ചാര്‍ മെഡിക്കൽ കോളജിലെ ഡോ. ഭാസ്കർ ഗുപ്ത പറഞ്ഞു. തുടർന്നാണ് പോലീസിനെ വിവരമറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആസാമിൽ അടുത്തിടെ സമാനമായി മറ്റൊരു വ്യാജ ഡോക്ടറേയും പോലീസ് പിടികൂടിയിരുന്നു. ഒഡീഷയിൽനിന്ന് മെഡിക്കൽ ബിരുദം നേടിയെന്ന് വ്യാജ രേഖയുണ്ടാക്കി ഗൈനക്കോളജിസ്റ്റായി ചികിത്സ നടത്തിയിരുന്ന പുലക് മലാക്കറെയാണ് അന്ന് അറസ്റ്റ് ചെയ്തത്.