ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ഇടയാക്കും: മന്ത്രി എസ്. ജയശങ്കര്‍
Thursday, September 4, 2025 12:32 AM IST
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ലോകത്ത് സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ഇടയാക്കുന്നുവെന്ന പരോക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ആഗോള സാഹചര്യത്തിലെ മാറ്റങ്ങളാണ് ഇന്ത്യ ചൈനയോടടുക്കുന്ന നയം സ്വീകരിക്കാന്‍ കാരണമെന്ന സൂചനയും ജയശങ്കര്‍ നല്കി.
ജര്‍മന്‍ വിദേശകാര്യ മന്ത്രി ജൊഹാന്‍ വാദ്ഫുലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജര്‍മന്‍ വിദേശകാര്യ മന്ത്രി ജൊഹാന്‍ വാദ്ഫുല് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജര്‍മനിയുമായുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 50 ബില്യണ്‍ യൂറോയിലെത്തിയെന്നും വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയാകുമെന്ന് ജര്‍മന്‍ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചതായും ജയശങ്കര്‍ പറഞ്ഞു. യുഎസുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ തിരിച്ചടി മറികടക്കാന്‍ ഇന്ത്യയ്ക്ക് പുതിയ വിപണികളും സാധ്യതകളും തുറന്നുകിട്ടിയിരിക്കുന്നു എന്നതാണ് നിര്‍ണായകമായ കാര്യമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ജര്‍മന്‍ സര്ക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ജര്‍മന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലേക്കു വന്ന് ഇവിടെ പ്രവര്ത്തിക്കുന്നതിലുണ്ടാകുന്ന ഏതൊരു ആശങ്കയിലും പ്രത്യേക ശ്രദ്ധ നല്കാന് തങ്ങള്‍ തയ്യാറാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.