രൗദ്രഭാവത്തിൽ യമുന, ജലനിരപ്പ് 207.41 മീറ്റർ, തീരങ്ങളിൽ വെള്ളപ്പൊക്കം
Thursday, September 4, 2025 2:18 AM IST
ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഉയർന്നതോടെ നദീതീരങ്ങളിൽ വെള്ളപ്പൊക്കം. ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിലയായ 207.41 മീറ്ററിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡൽഹിയിൽ നദീതീരത്തെ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. രാത്രി ഒൻപതോടെയാണ് മിക്കയിടത്തും വെള്ളം കയറിയത്. 1978ലും 2023ലും ഉണ്ടായ വെള്ളപ്പൊക്കത്തിലായിരുന്നു യമുന നദിയിലെ ജലനിരപ്പ് റിക്കാർഡ് നിലയിലേക്ക് മുന്പ് ഉയർന്നിരുന്നത്.
യമുന ബസാർ, ഗീത കോളനി, മജ്നു കാ തില, കശ്മീരി ഗേറ്റ്, ഗർഹി മണ്ടു, മയൂർ വിഹാർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇതുവരെ 14,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഐടിഒ, മയൂർ വിഹാർ, ഗീത കോളനി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ഔട്ടർ റിംഗ് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഐടിഒയിൽ നിന്ന് റിംഗ് റോഡിലേക്കുള്ള റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു. വാസുദേവ് ഘട്ട്, മൊണാസ്ട്രി മാർക്കറ്റ്, ഓൾഡ് ദില്ലി റെയിൽവേ പാലം എന്നിവ അടച്ചിട്ടു. നിഗംബോധ് ഘട്ടിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയർന്നാൽ ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു. വസീറാബാദ്, ഹത്നികുണ്ഡ് ബാരേജുകളിൽ നിന്ന് ഓരോ മണിക്കൂറിലും ഉയർന്ന അളവിൽ വെള്ളം തുറന്നുവിടുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് കേന്ദ്ര വെള്ളപ്പൊക്ക നിയന്ത്രണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊതുകുകൾ പരത്തുന്ന രോഗങ്ങൾ തടയുന്നതിനായി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും യമുനയ്ക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും കീടനാശിനി തളിക്കാൻ പൊതുജനാരോഗ്യ വകുപ്പിനോട് നഗരസഭ നിർദേശിച്ചു.