യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കുന്നു
Thursday, September 4, 2025 7:04 AM IST
തൃശൂർ: തൃശൂരിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ സുജിത്തിനെ കാണും. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്.
ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ 10ന് കുറ്റക്കാരായ പോലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്ന് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ തൃശൂർ ഡിഐജി ഹരിശങ്കർ സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
നാല് പോലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തായാണ് റിപ്പോർട്ട്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമാണ് ഉദ്യോഗസ്ഥർക്കെതിരെ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർ നടപടികൾക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുകയാണ്. ഉത്സവകാലത്ത് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെതുടർന്ന് കാരണം തിരക്കാൻ ശ്രമിച്ചതാണ് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം.