ബ്ലഡ്മൂൺ ചന്ദ്രഗ്രഹണം ഏഴിനും എട്ടിനും, രാത്രിയിൽ എവിടെനിന്നും തെളിഞ്ഞ ആകാശത്ത് ഗ്രഹണം കാണാം
Thursday, September 4, 2025 8:11 AM IST
കോട്ടയം: അപൂർവ ആകാശ വിസ്മയമായ ബ്ലഡ്മൂൺ എന്നറിയപ്പെടുന്ന പൂർണ ചന്ദ്രഗ്രഹണം സെപ്റ്റംബർ ഏഴിനും എട്ടിനും ലോകമെമ്പാടും ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്പോൾ ചന്ദ്രോപരിതലത്തിൽ നിഴൽ വീഴുന്നതോടെ ചുവപ്പും ഓറഞ്ചും കലർന്ന തിളക്കം ചന്ദ്രനു ലഭിക്കും.
ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെയും പല രാജ്യങ്ങളിലും ഗ്രഹണം പൂർണമായും ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാം.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ നീങ്ങുമ്പോൾ ചന്ദ്രോപരിതലത്തിൽ നിഴൽ വീഴുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയുടെ ഇരുണ്ട ഉൾഭാഗത്തിലൂടെ കടന്നുപോകുമ്പോൾ അത് മങ്ങുകയും ചുവപ്പായി മാറുകയും ചെയ്യുന്നു. ബ്ലഡ് മൂൺ ഇഫക്റ്റ് എന്നറിയപ്പെടുന്ന ഈ ചുവപ്പ് നിറം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചെറിയ നീല തരംഗദൈർഘ്യങ്ങൾ ദൂരേക്ക് ചിതറുമ്പോൾ കൂടുതൽ ചുവന്ന തരംഗദൈർഘ്യങ്ങൾ ചന്ദ്രനിലേക്ക് വളയുകയും കടും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യുന്ന റെയ്ലീ വിസരണം മൂലമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. രാത്രിയിൽ എവിടെ നിന്നും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം കാണാം.
ഗ്രഹണം 82 മിനിറ്റ് നീണ്ടുനിൽക്കും. സെപ്റ്റംബർ ഏഴിന് രാത്രി 8.58 മുതലാണ് ഗ്രഹണം ആരംഭിക്കുക. സെപ്റ്റംബർ പുലർച്ചെ 2.25 വരെ നീളും.