ഇസ്രേലി പ്രസിഡന്റ് മാർപാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Thursday, September 4, 2025 9:31 AM IST
വത്തിക്കാൻ സിറ്റി: ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് ഇന്നു വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഏതാനും മാസം മുന്പ് ഹെർസോഗ് ഇറ്റലി സന്ദർശിച്ചപ്പോൾ വത്തിക്കാൻ സന്ദർശനവും അജൻഡയിലുണ്ടായിരുന്നെങ്കിലും അന്ന് ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിലായിരുന്നതിനാൽ സന്ദർശനം നടന്നില്ല. ഇതോടെയാണു നയതന്ത്രനീക്കങ്ങൾക്കൊടുവിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രേലി പ്രസിഡന്റിന് അവസരം ലഭിക്കുന്നതും അദ്ദേഹം ഇന്നു വത്തിക്കാനിലെത്തുന്നതും.
ഗാസയിലെ ബന്ദിമോചനം, ആഗോളതലത്തിലെ യഹൂദവിരുദ്ധത, മിഡിൽ ഈസ്റ്റിലെ ക്രൈസ്തവരുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ മാർപാപ്പയുമായി ചർച്ച ചെയ്യുമെന്ന് ഇസ്രേലി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.