അയ്യപ്പസംഗമം സർക്കാരിന്റെ കാപട്യം; ജനങ്ങൾ തിരിച്ചറിയും: വി.ഡി. സതീശൻ
Thursday, September 4, 2025 11:27 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും അത് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് കസ്റ്റഡിയിൽ നിന്നുണ്ടായത് ക്രൂരമര്‍ദനമാണെന്നും സതീശൻ പറഞ്ഞു. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കണം. കേസിൽ പോലീസുകാരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു. കേരളത്തിലേത് നാണംകെട്ട പോലീസ് സേനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇതുവരെ സ്വീകരിച്ച നടപടികൾ എല്ലാം ശരിയാണ്. കൂട്ടായ തീരുമാനമാണ് എടുത്തത്. ഇതിന്റെ പേരിൽ തനിക്കെതിരെ സൈബർ ഇടതിൽ ആക്രമണം നടക്കുന്നു. എന്നാൽ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.