കണ്ണൂരിൽ ബൈക്ക് അപകടം: രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരിക്ക്
Thursday, September 4, 2025 12:55 PM IST
കണ്ണൂർ: പിലാത്തറയ്ക്കടുത്ത് മാതമംഗലത്ത് വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നാണ് അപകടം. എരമം ഉള്ളൂരിലെ എം.എം.വിജയന്(50), പുഞ്ഞുംപിടുക്കയിൽ രതീഷ്(40) എന്നിവരാണ് മരിച്ചത്.
വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന ഇവരെ നാട്ടുകാർ ചേർന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബൈക്കോടിച്ച ശ്രീദുലിനെ(27) പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും. ഇവരുടെ നേരേ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. റോഡിൽ വീണു കിടക്കുന്നതായാണ് നാട്ടുകാർ കണ്ടത്.