സ്ത്രീധന പീഡനം; വീടിന്റെ രണ്ടാംനിലയിൽ നിന്നുംചാടിയ യുവതിക്ക് പരിക്ക്
Thursday, September 4, 2025 4:57 PM IST
ലക്നോ: സ്ത്രീധന പീഡനത്തെ തുടർന്ന് രണ്ട് നില വീടിന്റെ ടെറസിൽനിന്നും ചാടിയ യുവതിക്ക് പരിക്ക്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ടെറസിൽ കയറിയ യുവതിയെ തടയുന്നതിന് പകരം താഴേക്ക് ചാടൂ എന്ന് പറഞ്ഞ് ഭർത്താവ് പ്രകോപിപ്പിച്ചു. തൊട്ടുപിന്നാലെ യുവതി താഴേക്ക് ചാടി.
ആറ് വർഷം മുൻപാണ് സോനു എന്നയാളെ അർച്ചന വിവാഹം ചെയ്തത്. ദമ്പതികൾക്ക് നാലും രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്. തങ്ങളുടെ മകൾക്ക് നേരെ സ്ത്രീധന പീഡനമുണ്ടായിരുന്നതായി വെളിപ്പെടുത്തി അർച്ചനയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
10ലക്ഷം രൂപ ചെലവഴിച്ചാണ് മകളുടെ വിവാഹം നടത്തിയത്. സ്ത്രീധനമായി അഞ്ച് ലക്ഷംരൂപയും റോയൽ എൻഫീൽഡ് ബൈക്കും വേണമെന്ന് ആവശ്യപ്പെട്ട് സോനുവിന്റെ കുടുംബം മകളെ പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
ഗോണ്ട മേഖലയിലെ ഡകൗലി ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.