യുപിയിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
Thursday, September 4, 2025 6:21 PM IST
ലക്നോ: ഗോരഖ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിശ്വകർമ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ ബന്ധത്തിൽ 13വയസ്സുള്ള മകളുണ്ട്. യുവതി മകളോടോപ്പം ഷാപൂർ പ്രദേശത്തെ ഗീത് വാടിക്ക് സമീപത്തുള്ള വാടകമുറിയിലാണ് താമസിച്ചിരുന്നത്. ബാങ്ക് റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.
ഫോട്ടോ എടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ മംമ്തയെ വിശ്വകർമ പിന്തുടരുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയെ ഉടനെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശാരീരിക ഉപദ്രവത്തിലെക്ക് വഴിമാറി. വിശ്വകർമ കൈവശം ഒളിപ്പിച്ചിരുന്ന തോക്ക് എടുത്ത് യുവതിക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.