യുപിയിൽ ഐഎഎസ് ഉദ്യോഗാർഥിയെ വെടിവച്ചുകൊന്നു; അമ്മയും സഹോദരനും അറസ്റ്റിൽ
Thursday, September 4, 2025 9:31 PM IST
ലക്നോ: ഉത്തർപ്രദേശിൽ ഐഎഎസ് ഉദ്യോഗാർഥിയെ അമ്മയുടെ ഒത്താശയോടെ ഭിന്നശേഷിക്കാരനായ സഹോദരൻ വെടിവച്ചു കൊന്നു. മാൻവി മിശ്ര(24)ആണ് മരിച്ചത്.
പാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അലിയപൂർ ഗ്രാമത്തിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് സംശയം.
ഇരുവരെയും പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതികൾ ശ്രമിച്ചു. ഫോറൻസിക് പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി മാൻവി വിവാഹം കഴിച്ചതിനാലാണ് കൊല നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സർക്കിൾ ഓഫീസർ (ഷഹാബാദ്) അലോക് രാജ് നാരായൺ പറഞ്ഞു.
ഈ ജനുവരിയിൽ ബറേലിയിൽ നിന്നുള്ള സർക്കാർ സ്കൂൾ പ്രിൻസിപ്പലായ അഭിനവ് കത്യാറിനെ മാൻവി വിവാഹം കഴിച്ചിരുന്നു. എന്നാൽ ഈ വിവാഹത്തോട് മാൻവിയുടെ കുടുംബത്തിന് എതിർപ്പായിരുന്നു.
യുപിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി മാൻവി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിനിടെയാണ് സംഭവം. ചോദ്യം ചെയ്യലിൽ, നാടൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചാണ് മാൻവിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ അശുതോഷ് മിശ്ര സമ്മതിച്ചു. ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.