"ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ': ഓണാശംസകൾ നേർന്ന് എം.കെ. സ്റ്റാലിൻ
Friday, September 5, 2025 11:13 AM IST
ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന ഉത്സവമാണെന്നും ഇത് നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
എം.കെ. സ്റ്റാലിന്റെ ഓണാശംസയുടെ പൂർണരൂപം
എന്റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ! ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ്. നമ്മുടെ ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശമാണ് നമ്മുടെ ആഘോഷങ്ങളിൽ പ്രതിധ്വനിക്കുന്നത്.
ഓണം പൂക്കളങ്ങളും സദ്യയും ആഘോഷങ്ങളും മാത്രമല്ല, എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന, സ്വാഭിമാനം എല്ലാവർക്കും തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ്.
ഒരു നാടിന്റെ സമൃദ്ധി എല്ലാവരോടും കൂടെ തുല്യമായി പങ്കിടുമ്പോൾ മാത്രമാണ് അർഥവത്താകുന്നത് എന്ന ഓർമപ്പെടുത്തലുമാണ്. ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ, എല്ലാ കുടുംബങ്ങളും സന്തോഷത്താൽ നിറയട്ടെ, ഒരുമിച്ച് തുല്യവും നീതിയുക്തവും മാന്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ!