യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ആറു പ്രതികൾ പിടിയിൽ
Saturday, September 6, 2025 12:37 AM IST
പാലക്കാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറു പ്രതികൾ പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്ന് പരിയാരത്ത് ഷിഹാബുദ്ദീനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പൊന്നങ്കോട് പൂളക്കൽ അൻസാർ, പൊറ്റശേരി പുത്തൻപീടിയേക്കൽ റിയാസ്, തിരുവിഴാംകുന്ന് കുപ്പോട്ടിൽ സുജിത്, പാറശേരി പ്ലാച്ചിക്കൽ ഗോകുൽ, തടുക്കശേരി കുന്നൻക്കാട്ടിൽ ജിഷ്ണു, പാറശേരി കിഴക്കേകര വിപിൻ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവിഴാംകുന്ന് തൃക്കളൂരിലെ സ്കൂൾ ഗ്രൗണ്ടിന് സമീപത്തു നിന്നാണ് ഷിഹാബുദ്ദീനെ ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഷിഹാബുദ്ദീനെ ശ്രീകൃഷ്ണപുരത്തെത്തിച്ച് മർദിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ നാലുവരെ ഇയാളെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രതികളും ഷിഹാബുദ്ദീന്റെ ബന്ധുവായ ഷാഹുലും തമ്മിലുള്ള വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.