സ്ഫോടന ഭീഷണി; മുംബൈയിൽ സുരക്ഷ ശക്തമാക്കി
Saturday, September 6, 2025 1:32 AM IST
മുംബൈ: ബോംബ് സ്ഫോടനമുണ്ടാകുമെന്ന വാട്സ് ആപ്പ് സന്ദേശത്തെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സാപ്പ് നമ്പറിലാണ് നഗരത്തിൽ 400 കിലോഗ്രാം ആർഡിഎക്സുമായി 34 മനുഷ്യബോംബുകൾ സജ്ജമാണെന്ന ഭീഷണി സന്ദേശമെത്തിയത്.
മുംബൈയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന്റെ സമാപനത്തിനിടെയാണ് സന്ദേശമെത്തിയത്. തുടർന്ന് ഗണേശോത്സവ റാലികൾക്കും മറ്റുപരിപാടികൾക്കും പോലീസ് സുരക്ഷ ശക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശം പതിവാണെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
ലഷ്കർ ഇ ജിഹാദി എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെത്തിയത്. 14 പാക്കിസ്ഥാനി ഭീകരർ രാജ്യത്തേക്ക് കടന്നതായും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.