യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; ആറുപേര്‍ അറസ്റ്റിൽ
Saturday, September 6, 2025 2:15 AM IST
മംഗളൂരു: ഹണിട്രാപ്പില്‍ കുടുക്കി മലയാളി യുവാവിന്റെ പണംകവര്‍ന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ കുന്ദാപുരയിലെ വീട്ടിലെത്തിച്ച് മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെയാണ് കുന്ദാപുര പോലീസ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ ബൈന്ദൂര് സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), അസ്മ (43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
യുവാവിന്റെ കൈവശമുണ്ടായിരുന്ന 6200 രൂപയും യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും പ്രതികൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.